Follow us on:
കടലാസു തുണ്ടുകള്‍

ജീവിച്ചിരിക്കുമ്പോള്‍ ഉറക്കമെനിക്ക് വെറുപ്പായിരുന്നു

എന്റെ ശരീരം ഇപ്പോഴും ഉണര്‍ന്നു കൊണ്ടിരുന്നു .

എന്തെന്നില്ലാത്ത, എന്റെതല്ലാത്ത ചിന്തകളും.

ഓരോ ദിനവും ചെയ്തു കൂട്ടിയ തിന്മകളെണ്ണി  ,

നാളെക്കുള്ളതിനു തിരക്കഥ രചിച്ചും

ഞാന്‍ രാത്രികളെ കൊന്നു കൊണ്ടിരുന്നു..

വയോധികനായ എന്റെ കണ്ണുകള്‍ നിസ്സഹായനായി

ചിമ്മിക്കൊണ്ടിരുന്നു ..

വിശ്രമമില്ലാത്ത വേലക്കാരനായി  മുറി വിളക്കുകള്‍

പനിവെളിച്ചം നല്‍കിക്കൊണ്ടിരുന്നു .

ഓരോ തവണ ഉറങ്ങാന്‍ ശ്രമിക്കുമ്പോഴും

മനസ്സിന്റെ കീഴറയില്‍ നിന്നാരോ മന്ത്രിച്ചു.

" നീ എന്നെന്നേക്കുമായി ഉറങ്ങുന്നതിനു മുന്‍പ്

നിന്റെ ജോലികള്‍ നീ പൂര്‍ത്തീകരിക്കുക "

അപ്പോഴും ഞാന്‍ ചിന്തയിലായിരുന്നു...

ചിന്തകള്‍ എന്നെ എഴുതിച്ചു..

എഴുത്തുകള്‍ ഐക്യത്തോടെ ചവരുകൂനയായി കിടന്നു ..

ജീവിതം ഭരിക്കുന്ന കള്ളങ്ങള്‍ പോലെ .

അവസാനത്തെ രക്തസാക്ഷിയും വലിച്ചു കീറപ്പെട്ടപ്പോള്‍

ആധുനികതയിലേക്ക് ഞാന്‍ വിശ്വസമാര്‍പ്പിച്ചു.

എന്ത് കൊണ്ടോ എന്റെ ചിന്തകളെ ഏറ്റുവാങ്ങാന്‍

ലാപ്ടോപ് സ്ക്രീനുകള്‍ക്ക് കഴിഞ്ഞില്ല..

അല്ലെങ്കിലും എഴുതികീറുമ്പോള്‍ കിട്ടുന്ന നോവുള്ള ആനന്ദം

ഡിജിറ്റല്‍ അക്ഷരങ്ങള്‍ മായ്ച്ചു കളയുമ്പോള്‍ ലഭിക്കില്ലല്ലോ?..

കടലാസ് നുള്ളുകളോടെനിക്ക് പ്രണയമായിരുന്നു.

അവരെയോരോവരെയും ഞാന്‍ പ്രണയിച്ചു.

എന്റെ മനസ്സിലെ ചില്ലുമുറിവുകള്‍

അതിലെഴുതിക്കണ്ടാപ്പോള്‍ ഞാനവരെയും വെറുത്തു .

അല്ലെങ്കിലും നമ്മളങ്ങനെയാണ്..

സ്വയം ന്യായീകരിച്ചു  മറ്റൊരാളെ വെറുക്കുക...

എല്ലാവരും ചുരുട്ടിയെരിയാന്‍ വിധിക്കപ്പെട്ട

കടലാസ് തുണ്ടുകള്‍ ..

എന്റെ മനസ്സിനെ സഹിക്കാനുള്ള ശക്തിയെന്‍

ശരീരത്തിന് ദൈവം നല്‍കിയില്ല..

അവ എന്നെ പറഞ്ഞയച്ചെങ്ങോട്ടോ പോയി ..

ഇന്നും ഞാന്‍ ഉറക്കമില്ലാതലയുന്നു..

ഉറക്കമഭിനയിച്ചു ജീവിക്കുന്നവര്‍ക്കിടയില്‍ .