Follow us on:

എന്റെ മാലാഖ

അവളുടെ വരികളെയായിരുന്നു ആദ്യം ഞാൻ പ്രണയിച്ചിരുന്നത്.അതെപ്പോൾ അവളോടായി എന്ന് ഞാൻ തിരക്കിയില്ല , അവളും!


കാലം നീങ്ങിയപ്പോൾ കടലാസു കൂടിൽ നിന്ന് നമ്മൾ പുറത്തേക്കിറങ്ങി .

എഴുത്തിനെയും മനസ്സുകളെയും മാറി മാറി പ്രണയിച്ചു കൊണ്ട് ഞങ്ങളിരുവരും ജീവിച്ചു.

എന്റെയുള്ളിൽ എഴുത്തിനോടുള്ള പ്രണയത്തിന്റെ വിത്ത് പാകിയതെന്തെന്നു ഒരിക്കൽ അവൾ ചോദിച്ചു .കുശുമ്പുള്ള കാമുകിയുടെ ഉൾച്ചിരിയോടെ അവളുടെ പേര് കേള്ക്കാൻ വെമ്പി നിന്നു.

ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരെഴുത്തുകാരിയുടെ വരികളാണെന്നെ എഴുതാൻ പ്രേരിപ്പിച്ചത്.

'' പറഞ്ഞു തരിക നീയെനിക്ക്,
കരളിനെ കരിങ്കല്ലാക്കുന്ന ജാലവിദ്യ'' .

''ഏതു മഹാ കവിയത്രി ആണാവോ? '' അവളുടെ മുന വച്ചുള്ള ചോദ്യം.

'' നഷ്ടജീവിതം  കടലാസുകളിൽ പകര്ത്തി അത് കൊണ്ട് കണ്ണീരൊപ്പുന്ന ഒരു മാലാഖ.സ്വപ്‌നങ്ങൾ ബാലിയറുക്കപ്പെട്ടവൾ. അതെ, ആ പെണ്‍കുട്ടിയെ ഞാനെന്റെ ജീവനു തുല്യം സ്നേഹിക്കുന്നു.'' ഞാൻ പറഞ്ഞു.




''എന്നെക്കാളും? ''അവളുടെ നിഷ്കളങ്കമായ മുഖത്ത് ഒരു ചെറുവിഭ്രാന്തി.

''മറ്റാരേക്കാളും ''. ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.



'' എന്നാൽ പിന്നെ അവളേയങ്ങു പ്രേമിച്ചു കല്യാണം കഴിച്ചു കൂടായിരുന്നോ? '' അവളുടെ പരമാവധി ദേഷ്യം ആ കണ്ണുകളിൽ ഞാനപ്പോൾ കണ്ടു .


''ഇല്ല.. അത് പറ്റില്ല. '' ...മൌനം ....

''എന്താണാവോ?''.......

''ആ പെണ്‍കുട്ടി ഇന്നൊരമ്മയാണ്. രണ്ടു കുട്ടികളുടെ. അതിലൊന്ന് എന്റെ അനിയത്തിയാണ് ...''