അതി രാവിലെ ഉറക്കത്തിൽ നിന്നെഴുന്നേറ്റു ഉമ്മ തരുന്ന ചായയും കുടിച്ചു ഞാനിറങ്ങി .
വല്യ കാര്യമുള്ള കാര്യത്തിനൊന്നുമല്ല , വയൽ വരമ്പത്തുള്ള ചരിച്ചിട്ട
പോസ്റ്റിൽ ഇരുന്നു
ബഡായി പറയാൻ ആണ് ..പിന്നെ കുറച്ചു ലോക കാര്യങ്ങളും .
അങ്ങനെ ഒരു ദിവസം പ്രകൃതി സൌന്ദര്യം ആസ്വദിചിരിക്കുമ്പോൾ
നമ്മുടെ കൂട്ടുകാരൻ പറഞ്ഞു " ഡാ പാത്തുമ്മാത്ത വരുന്നുണ്ട് .
ആരാണീ പാത്തുമ്മത്ത ??
ആരാണെന്ന് ചോദിച്ചാൽ ഞാൻ പറയും അവർ ഒരു റേഡിയോ ആണെന്ന് .
മൂപ്പതിക്ക് മില്‍ക്ക് സപ്ലൈ ബിസിനസ് ആണ് . ഒരു വിധം പറഞ്ഞാൽ അതൊരു സൈഡ്
ബിസിനസ് ആണ് മിസിസ് പാത്തുവിനു . പത്രം വായിക്കാത്ത വീട്ടുകാര്‍ക്ക് സൗജന്യമായി
വാർത്തകൾ എത്തിച്ചു കൊടുക്കലാണ് അവരുടെ പണി . പാലിൽ വെള്ളം
ചേർക്കാരില്ലെങ്കിലും പറയുന്ന ഹോട്ട് ന്യുസിൽ നല്ലവണ്ണം ചേർത്ത് കൊഴുപ്പിക്കും .
അങ്ങനെ മിസ്സ് ഇന്ത്യ ഭാവത്തിൽ പാത്തു ഇങ്ങനെ നടന്നു വരികയാണ് .
നമ്മളെയൊന്നും
മൈൻഡ് ചെയ്യില്ല ( നമ്മൾ പാരമ്പര്യമായി മില്‍മ പാലിൽ വിശ്വാസം
അർപ്പിക്കുന്നവരാണ്,അതാവണം).
അങ്ങനെ അവർ കടന്നു പോകുമ്പോ എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ പറഞ്ഞു .
" എടാ നമ്മുടെ അഞ്ചു പടിയിലെ ആസിയന്റെ വീട്ടില്‍ ഇന്നലെ കള്ളൻ കയറി എന്ന് കേട്ടു?
രണ്ടര പവൻ എടുത്തോണ്ട് പോയെന്നാ തോന്നുന്നേ ".
എനിക്കൊന്നും മനസ്സിലായില്ല . അത് വഴി പോയ പാത്തുവും കേട്ട ഭാവം നടിച്ചില്ല .
നേരം മെല്ലെ വെളുത്തു വന്നു. നാട്ടിലെയും മരത്തിലെയും കിളികളൊക്കെ
പുറത്തിറങ്ങുന്ന നേരമായി . വായ്നോട്ടത്തിന്റെ ഒന്നാം ഘട്ടം തുടങ്ങേണ്ട നേരമായി .
ഏതായാലും വീട്ടിൽ പോയി ഒന്ന് കുളിച്ചേക്കാം എന്ന് വിചാരിച്ചു നമ്മൾ
എഴുന്നേറ്റു .
മെല്ലെ നടക്കുമ്പോൾ ദാ വരുന്നു നമ്മുടെ അന്ത്രുക്ക.
അന്ത്രുക്ക ഒരു പാവം മനുഷ്യനാണ് . നാട്ടിലെല്ലാവരോടും അദ്ദേഹത്തിന്
സ്നേഹമാണ് .
എല്ലാവരുടെയും പ്രശ്നങ്ങൾ സ്വന്തം പോലെ കണ്ടു അദ്ദേഹം
വേദനിക്കാറുണ്ട് (വേദനിക്കാൻ ചിലവൊന്നും വേണ്ടല്ലോ) .
നാട്ടിലെ ഒരു പ്രധാന കാരണവർ എന്ന നിലയിൽ ഞങ്ങള്‍ക്ക് അദ്ദേഹത്തെ
ബഹുമാനമാണ്.
മൂപ്പര് വന്നു നമ്മളോടൊരു ചോദ്യം: " നീയൊക്കെ എന്തിനാടാ ആണ് പിള്ളേർ
എന്നും പറഞ്ഞു നടക്കുന്നത് ? വെറുതെ അങ്ങനെ തിന്നു മദിച്ചു നടന്നോളും
കുറെയെണ്ണം ".
''എന്താ അന്ത്രുക്കാ കാര്യം?'' ഞാൻ ചോദിച്ചു .
" ഒന്നും അറിയില്ലേ ? മ്മളെ അഞ്ചു പടിയിലെ ആസിയന്റെ കഴുത്തീന്നു
അഞ്ചു പവന്റെ മാല കള്ളൻ തട്ടിപ്പറിച്ചു പോയി. പിടി വലിയിൽ പാവം
പെണ്ണിന്റെ കയ്യൊക്കെ മുറിഞ്ഞു ചോരയൊലിക്കുന്നത് ഞമ്മക്ക് കണ്ടിട്റ്റ്
ബെഷമായിപ്പൊയി..ഒരു കള്ളനെ പിടിക്കാൻ ഇങ്ങളെക്കൊണ്ടാവൂലാലോ
പിള്ളേരെ ?" .
അതും പറഞ്ഞു അദ്ദേഹം തിരക്കിട്ടെവിടെയോ പോയി .
ഞങ്ങൾ മുഘത്തോട് മുഖം നോക്കി.. അവൻ മന്ത്രിച്ചു ..അളിയാ പടം ഹിറ്റ്
ആയി .
അങ്ങനെ വീട്ടിലെത്തിയപ്പോൾ ഉമ്മാന്റെ വക ഒരു ചോദ്യം " നീയറിന്നാ ? "
ഞാൻ ഉടനടി പറഞ്ഞു .. " ഓ അറിഞ്ഞു ഇന്നലേ അറിഞ്ഞു ".
സംഭവം കത്തിയെരിഞ്ഞ് ആസിയാന്റെ വീട്ടില്‍ വരെ എത്തി . അന്വേഷിക്കാൻ
വന്നവരോട്
അവർ പറഞ്ഞു : " ആസിയ കെട്ടിയോന്റെ കൂടെ ദുബായിൽ ആണല്ലോ? ഇങ്ങളോട്
ഇതാരാ പറഞ്ഞെ? "
എവിടെ നിന്നോ ഒരു കോറസ് കേട്ടു " പാത്തുമ്മത്ത ".
അടുത്ത പണി വരുന്നത് നമുക്കാണെന്നു മനസ്സിലാക്കിയ ഞങ്ങൾ സ്ഥലം കാലിയാക്കി .
പിറ്റേന്ന് അരിശം മൂത്ത പാത്തുമ്മ വഴിയിൽ വച്ച് കണ്ട അന്ത്രൂക്കാനോട് ചോദിച്ചു :
" അല്ലാ അന്ത്രൂ ഞമ്മള് പെണ്ണുങ്ങള് അവിടുന്ന് കേട്ട് ഇവിടെ വെള്ളം ചേർത്ത്
പറയുന്നത് സാധാരണയാ ..ഇങ്ങള് ആണ്ങ്ങളും ഇങ്ങനെയാ ?? ''