Follow us on:
സായാന്ഹ സൂര്യന്‍

സായാഹ്നങ്ങളെ ഞാന്‍ ഭയന്നിരുന്നു .

പ്രതീക്ഷകളുമായോരോ ദിനവും

ഞാന്‍ കാത്തിരിക്കാറുണ്ടായിരുന്നു..

വിലപിടിച്ച ഒരു ചെറു ചിരിക്കു വേണ്ടി ..

പക്ഷെ...എന്നും എന്നെ നോവിച്ചു കൊണ്ട്

സന്ധ്യകള്‍ കടന്നു വരാറുണ്ടായിരുന്നു ..

സ്കൂളവധി കഴിഞ്ഞ ഒരു ചെറു കുട്ടിയുടെ

വെമ്പലായിരുന്നു അന്നെനിക്ക് ..

എല്ലാം നഷ്ടപ്പെട്ട പകലിനെ ഞെരുക്കിയെടുത്തു

കൊണ്ട് സൂര്യന്‍ മായുന്ന നേരം..

ഇരുളും മുന്നേ തന്നരുമ കുഞ്ഞിനെ

കാണാന്‍ കിളികള്‍ ചിലച്ചു കുതിക്കുമ്പോള്‍

ചെറു കിതപ്പോടെ എന്നുമ്മ

വന്നെന്നെ തഴുകുമായിരുന്നു.

മരണ സമയമടുത്ത വയോധികനെപ്പോലെ

ചുവന്ന മാനം എന്നെ  നോക്കി

എങ്ങോ പോയൊളിക്കുന്ന കാര്‍മുഘിലിനും

നഷ്ടബോധം മാത്രം ...

നേര്‍ത്തൊരു ഭീതിയും .....

ഉമ്മയുടെ കൈ പിടിച്ചു നടക്കുമ്പോള്‍

എന്റെ വിഷാദം അവരുടെ കണ്ണുകളിലും

ഞാന്‍ കണ്ടിരുന്നു...






അസ്തമയ സൂചകമായ കാറ്റിനു പോലുമുണ്ടായിരുന്നു

നേര്‍ത്ത കണ്ണീരിന്റെ തണുപ്പ് ..


മഴ നനഞ്ഞു വിറച്ചു കൂടണയാന്‍

കുതിക്കുന്ന ചെറു കിളികളും എന്നെ  നോക്കി .

ഓരോ ദിനവും മരിച്ചു വീഴുകയാണ്

തന്റെ കര്‍മം പിന്‍ഗാമിയെ ഏല്‍പ്പിച്ചു കൊണ്ട് .

രാത്രിയുടെ ജനനത്തിനു വേണ്ടി

രക്തസാക്ഷിയാവുന്നു ...

ആരോടും പരിഭവമില്ലാതെ എന്നും

അവര്‍ യാത്രയാവുന്നു..

അവരുടെ യാത്രാമൊഴി കിളികള്‍ നമ്മെ അറിയിക്കുന്നു

നിസ്സഹായനായി സൂര്യനും .

ആ സന്ധ്യകള്‍ ഞാനിന്നും കാണുന്നു..

സ്വയം കത്തിതീര്‍ന്നു ക്ഷയിച്ച

അസ്തമയ സൂര്യന്‍

എന്നെ തന്നെയാണോ നോക്കുന്നത് ?

തൂണുകള്‍

ആധുനിക ജാലകത്തിലൂടെ ദൂരെ വരിവരിയായി കെട്ടിപ്പൊക്കിയ ആഡംബര സൗധങ്ങള്‍ നോക്കി കാപ്പെചീനോ നുനയുകയായിരുന്നു അയാള്‍ ..

 "പിതാവ് മരിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. നമ്മളിനിയും നാട്ടില്‍ പോയില്ലെങ്കില്‍ മോശമല്ലേ? ആളുകള്‍ എന്ത് വിചാരിക്കും?"

ഭാര്യ അയാളെ ഓര്‍മിപ്പിച്ചു.." കോണ്‍ഫറന്‍സ് ഒന്ന് കഴിയാന്‍ കാത്തിരിക്കയായിരുന്നു..നാളെ നമുക്ക് പോകാം" അയാള്‍

നീരസമാണോ എന്ന് മനസ്സിലാകാത്ത ഭാവത്തില്‍ പറഞ്ഞു.

തന്റെ ജീവിതത്തിരക്കുകളൊക്കെ മാറ്റിവച്ചു അവര്‍ നാട്ടിലേക്ക് അടുത്ത ദിവസം പുറപ്പെട്ടു..

'' റൂം നമ്പര്‍ ചോദിച്ചിരുന്നോ? - " പതിമൂന്നാം നിലയിലാണ്...റൂം നമ്പര്‍ 21 ..

 ആകാശക്കാഴ്ചകള്‍ കണ്ടു ഇയര്‍ഫോണ്‍ ചെവിയില്‍ നിന്ന് മാറ്റി അയാള്‍ പറഞ്ഞു ..

" പതിമൂന്നാം നിലയിലാണ്...റൂം നമ്പര്‍ 21 ..''

നാട്ടിലെത്തി വീട്ടുകാരുടെ പേരിനുള്ള പരിഭവങ്ങളൊന്നും ചെവി കൊള്ളാതെ അവര്‍ കബര്‍സ്ഥാനിലെക്ക്

പോവാനുള്ള വഴി ആരാഞ്ഞു...

'' ഞാന്‍ ആ വഴിക്കാ....എനിക്ക് പള്ളിയില്‍ പോവുകയും ചെയ്യാലോ..'' - വീട്ടില്‍ മകളെ ഓത്തു പഠിപ്പിക്കാന്‍ വന്ന മുസ്ലിയാര്‍ പയ്യന്‍ പറഞ്ഞു..

അങ്ങനെ നമ്മള്‍ പ്രസ്തുത സ്ഥലത്തെത്തി....''നാം എല്ലാവരും അലിഞ്ഞു ചേരേണ്ട മണ്ണ് ''എന്ന് എവിടുന്നെന്നരിയാത്ത ഒരു ചിന്ത

വരുമ്പോഴേക്കും അത് നിന്നു .എവിടെ മണ്ണ്?

ഗേറ്റിനകതേക്ക്‌   കടക്കാന്‍ സെക്ക്യുരിറ്റി ചെക്ക്‌ അപ്പ്‌ .. പാശ്ചാത്യ സംസ്കാരത്തിലലിഞ്ഞു ജീവിച്ച അവര്‍ക്ക് അതിലൊരു

പുതുമ കണ്ടെത്താന്‍ കഴിഞ്ഞില്ല..

അങ്ങനെ അവര്‍ അകത്തേക്ക് പ്രവേശിച്ചു.....

ഒരു കൂറ്റന്‍ കെട്ടിടം...

'' റൂം നമ്പര്‍ അറിയാമോ? രജിസ്റ്റര്‍ നോക്കണോ? " കൂടെ വന്ന ജോലിക്കാരന്‍ ചോദിച്ചു..

" 21 ..''അയാള്‍ മന്ത്രിച്ചു... എങ്ങും ഒരു മണ്ണിന്റെ ഗന്ധം...

എങ്കില്‍ ലിഫ്റ്റില്‍ കയറിക്കോളൂ..

ലിഫ്റ്റ്‌ തുറന്നു നമ്മള്‍ റൂമിന് മുന്നില്‍ എത്തി...

മുന്നില്‍ തന്റെ പിതാവിന്റെ പേരും വിവരങ്ങളും ''എന്ഗ്രേവ്'' ചെയ്തു വച്ചിട്ടുണ്ട്...

അല്‍പ നേരം നിശബ്ദനായി അവര്‍ നോക്കി നിന്നു..എന്നിട്ട് തിരിച്ചു നടന്നു....

"മകനാണല്ലേ?" ജോലിക്കാരന്‍ ചോദിച്ചു... - "അതെ..."

വരാന്തയിലാകെ ഒരു 'സ്മശാന മൂകത'..

" നാട്ടില്‍ കബര്‍സ്ഥാന്‍ ഒക്കെ നിറഞ്ഞു മോനെ....കബര്‍ കുഴിക്കലായിരുന്നു ഏര്‍പ്പാട്..ഇപ്പൊ ഫ്ലാറ്റ്

സിസ്റ്റം അല്ലെ...ഇവിടെ ജോലി നോക്കുന്നു....പടച്ചോനറിയാം എന്റെ സമയം ആയോന്ന്....സമയം വൈകി മോനെ...

വിമാനം മിസ്സ്‌ ആവണ്ട... "

ജോലിക്കാരന്‍ കീറിയ കുടയില്‍ അയാളെ
മഴ നനയാതെ കാറിനടുതേക്ക്‌ എത്തിച്ചു...

ഒരു ടിപ്പര്‍ അവിടെ മണ്ണിറക്കുന്നുണ്ടായിരുന്നു  .....എന്തിനാണാവോ.....